
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന മൂന്ന് സ്ത്രീകള്‍ക്ക് പുരസ്‌കാരം നല്‍കി നൊബേല്‍ സമിതി ചരിത്രം കുറിച്ചത്.
ലൈബീരിയയുടെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന എലന്‍ ജോണ്‍സണ്‍ ആഫ്രിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാണ്. 14 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2005-ല്‍ ലൈബീരിയയുടെ ആദ്യ പ്രസിഡന്റായി അധികാരമേറ്റ എലന്‍ ഒരമ്മയുടെ വികാരവായ്‌പ്പോടും കരുതലോടുംകൂടി രാജ്യത്തിന്റെ മുറിവുണക്കാന്‍ പ്രയത്‌നിച്ചെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു. വികസന സാമ്പത്തികകാര്യ വിദഗ്ധ കൂടിയായ അവര്‍ നേരത്തേ ലൈബീരിയയുടെ ധനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ലൈബീരിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടുന്ന 78- കാരിയായ എലന് നൊബേല്‍ ലബ്ധി തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മേല്‍ക്കൈ നല്‍കും.
രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ലൈബീരിയന്‍ ആഭ്യന്തരകലാപനാളില്‍ സ്ത്രീകളുടെ സേന രൂപവത്കരിച്ച് പുരുഷന്മാരെ സമാധാനത്തിലേക്ക് വഴി നടത്തിച്ച ലീമ ബോവിയുടെ പ്രവര്‍ത്തനങ്ങള്‍ പെണ്‍പോരാട്ട ചരിത്രത്തില്‍ത്തന്നെ പുതിയ വഴിവെട്ടി. കലാപത്തിന് അറുതി വരുന്നതുവരെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിടില്ലെന്ന സ്ത്രീകളുടെ തീരുമാനമാണ് രാജ്യത്തെ ചോരപ്പുഴയില്‍ നിന്ന് രക്ഷിച്ചത്.
സമാധാന നൊബേല്‍ ലഭിക്കുന്ന ആദ്യ അറബ് വംശജയായ തവക്കൂല്‍ കര്‍മാന്‍ യെമനിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. പശ്ചിമേഷ്യയില്‍ ശക്തിപ്പെടുന്ന അറബ് വസന്തത്തിനുള്ള അംഗീകാരം കൂടിയാണ് 32-കാരിയായ കര്‍മാനുള്ള പുരസ്‌കാരം. യെമന്‍ പ്രസിഡന്റ് അബ്ദുള്‍സാലിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പൊരുതുന്ന കര്‍മാന്‍ അറബ് രാജ്യങ്ങളിലെ സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയാണ്. വിമന്‍ ജേര്‍ണലിസ്റ്റ് വിത്തൗട്ട് ചെയിന്‍ എന്ന വനിതാ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും അല്‍ ഇസ്‌ലാം എന്ന മനുഷ്യാവകാശ സംഘടനയുടെയും പ്രധാന നേതൃത്വവും ഈ യുവതിയാണ്.
സമാധാന നൊബേലിന്റെ 110 വര്‍ഷ ചരിത്രത്തില്‍ ഇതിനുമുമ്പ് 12 സ്ത്രീകള്‍ക്കു മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമടക്കം 241 നാമനിര്‍ദേശങ്ങളാണ് ഇത്തവണ പുരസ്‌കാര സമിതിയുടെ മുന്നിലെത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ